ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാമൂഹിക-സാംസ്കാരിക ചരിത്രം
മുഖത്ത് (പ്രധാന സ്ഥലത്ത്) ജലത്തിന്റെ അല തട്ടുന്നതിനാലാണ് മുഖത്തല എന്ന സ്ഥലനാമമുണ്ടായതെന്നും, അതല്ല തഴുത്തലയോട് ചേര്‍ന്നുകിടക്കുന്ന ഭാഗമായതിനാല്‍ താഴേ തലയും മേലേ തലയുമായി പരിഗണിക്കപ്പെട്ടുവെന്നും പില്‍ക്കാലത്ത് താഴേ തല തഴുത്തലയും മേലേത്തല മുഖത്തലയുമായി മാറിയെന്നും, അതുമല്ല മുഖം(പ്രധാന സ്ഥലം) ഏലാകളാല്‍ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് മുഖത്ത്’ ഏല മുഖത്തലയായിമാറിയെന്നും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങളുണ്ട്. ബ്രീട്ടിഷു ഭരണകാലത്ത് മിഷനറി പ്രവര്‍ത്തനത്തിന്റെ ഭാഗമായി പഞ്ചായത്തിന്റെ കിഴക്കനതിര്‍ത്തിയില്‍ കൂരീപള്ളി-കണ്ണനല്ലൂര്‍ പ്രദേശങ്ങളില്‍ പള്ളികളും പള്ളിക്കൂടങ്ങളും സ്ഥാപിക്കുകയുണ്ടായി. ഈ പഞ്ചായത്തിലെ ആദ്യത്തെ സ്ക്കൂള്‍ മിഷനറിമാര്‍ സ്ഥാപിച്ച കൂരീപ്പള്ളിയിലെ എല്‍ എം എസ് എല്‍ പി എസ് ആണ്. കണ്ണനല്ലൂര്‍ പള്ളിയാണ് ഈ പഞ്ചായത്തിലെ ഏറ്റവും പഴക്കം ചെന്ന മൂസ്ളീം ദേവാലയം. ഇതിന് ഉദ്ദേശം 500 വര്‍ഷത്തെ പഴക്കമുള്ളതായി കാണപ്പെടുന്നു. ദേശിംഗനാട് രാജാവ് കരമൊഴിവായി പതിച്ചുകൊടുത്ത സ്ഥലത്താണ് പള്ളി പണികഴിപ്പിച്ചിട്ടുള്ളത്. ആദ്യകാലത്ത് കൃഷിയും മൃഗസംരക്ഷണവുമായിരുന്നു മുഖ്യതൊഴിലും ജീവിതമാര്‍ഗ്ഗവും. ജന്മിവ്യവസ്ഥ നിലനിന്നിരുന്നു. തൃക്കോവില്‍വട്ടം പഞ്ചായത്ത് ഒരു തികഞ്ഞ കാര്‍ഷിക ഗ്രാമമായിരുന്നു. തിരുവല്ല ഇളമണ്‍ മഠക്കാരുടെയും ചൂട്ടറ സ്വാമിമാരുടേയും ഭൂമിയായിരുന്നു ഇവിടം. കൃഷിയുടെ ഭാഗമായി വളര്‍ത്തുമൃഗങ്ങളേയും ഉഴവുമാടുകളേയും വ്യാപകമായി സംരക്ഷിച്ചിരുന്നു. നിലം പാട്ടത്തിനു എടുത്ത് കൃഷി ചെയ്തിരുന്ന ഇടത്തരം കൃഷിക്കാരായിരുന്നു ഭൂരിഭാഗവും. കൃഷിനിലങ്ങളില്‍ കൂടൂതലും ചൂട്ടറസ്വാമി എന്ന ജന്മിയുടേതായിരുന്നു. ഈ നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ ചരക്കു ഗതാഗതത്തിന് ഉപയോഗിച്ചിരുന്ന വാഹനം കാളവണ്ടി മാത്രമായിരുന്നു. ജന്മിമാര്‍ യാത്രക്ക് ഉപയോഗിച്ചിരുന്നത് അരവണ്ടി ക്കാളയായിരുന്നു. വ്യവസായികമായി തഴുത്തല, ചേരീക്കോണം, വെട്ടിലത്താഴം, പേരയം, മൈലാപ്പൂര് എന്നിവിടങ്ങളില്‍ നെയ്ത്തുണ്ടായിരുന്നു. കാര്‍ഷിക വിളകളുടെ വിപണനകേന്ദ്രമായി കണ്ണനല്ലൂര്‍ മാറുകയും കണ്ണനല്ലൂര്‍ വ്യാപാര കേന്ദ്രമായിത്തീരുകയും ചെയ്തു. 1940-കളില്‍ കശുവണ്ടി ഫാക്ടറികള്‍ തുടങ്ങി. ഇന്ന് ചൂടുകട്ട കമ്പനികള്‍ , ഈര്‍ച്ച മില്ലുകള്‍ , ഇന്‍ഡസ്ട്രീയല്‍ എസ്റ്റേറ്റുകള്‍ തുടങ്ങിയവ ഗ്രാമത്തിന് ഒരു പുതിയ മുഖഛായ നല്‍കുന്നുണ്ട്. ആരോഗ്യ പരിപാലനത്തില്‍ ഗ്രാമീണര്‍ അതീവ ശ്രദ്ധാലുക്കളായിരുന്നു. ആയൂര്‍വേദ ചികിത്സ സമ്പുഷ്ടമായിരുന്നു. താഴാംപണ വൈദ്യന്‍ , തഴുത്തല ഗംഗാധരന്‍ വൈദ്യന്‍ എന്നിവര്‍ ഈ രംഗത്തെ പ്രമുഖരായിരുന്നു. മൃഗസംരക്ഷണ ചികില്‍സാ രംഗത്ത് പ്രസിദ്ധനായ കൂനംകുഴി വൈദ്യരും കള്ളിക്കാട് കുട്ടന്‍ പിള്ളയും, വിഷചികിത്സാ രംഗത്ത് ചെറിയേലായില്‍ വേടര്‍ സമുദായത്തില്‍പ്പെട്ട നല്ലരേശനും പാങ്കോണം കിഴക്കേവിളയില്‍ ഉറവണി നായരും ഈ രംഗങ്ങളില്‍ സ്മരിക്കപ്പെടേണ്ട വ്യക്തികളാണ്. വെട്ടിലത്താഴം, ചെന്താപ്പൂര്, തട്ടാര്‍കോണം, ചെറിയേല, നടുവിലക്കര, ചേരിക്കോണം, കണ്ണനല്ലൂര്‍ , പാങ്കോണം, തൃക്കോവില്‍വട്ടം, കിഴവൂര്‍ , കുറുമണ്ണ, പേരയം, മൈലാപ്പൂര്, പുതുച്ചിറ എന്നീ ചേരികള്‍ ചേര്‍ന്നതാണ് തൃക്കോവില്‍വട്ടം പഞ്ചായത്ത്. 1953-ല്‍ പഞ്ചായത്തു സമിതി നിലവില്‍ വരുന്നതു വരെ തൃക്കോവില്‍വട്ടം വില്ലേജു യൂണിയനാണ് ഗ്രാമഭരണം നിര്‍വ്വഹിച്ചിരുന്നത്. വില്ലേജു യൂണിയനില്‍ തെരഞ്ഞെടുക്കപ്പെട്ട ആറു പ്രതിനിധികള്‍ക്കു പുറമേ തഹസീല്‍ദാര്‍ , ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ , സഹകരണ രജിസ്ട്രാര്‍ , തുടങ്ങിയ ഔദ്യോഗിക പ്രതിനിധികളും കമ്മിറ്റി യോഗങ്ങളില്‍ പങ്കെടുത്തിരുന്നു. അഞ്ചുരൂപയോ അതില്‍കൂടുതലോ ഭൂനികുതി കൊടുക്കുന്ന പൌരന്മാര്‍ക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ വിരലിലെണ്ണാവുന്ന ഭൂവുടമകള്‍ക്കു മാത്രമേ വോട്ടവകാശം ഉണ്ടായിരുന്നുള്ളൂ. തുടര്‍ച്ചയായി 27 വര്‍ഷക്കാലം പ്രസിഡന്റായിരുന്ന എന്‍ ചെല്ലപ്പന്‍ പിള്ളയാണ് ഈ പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡന്റ്.